Sunday, June 3, 2007

ജുണ്‍ ഒന്ന്



നേരം കുറെയായി ഞാനീ പടിക്കല്‍ കാത്തുനില്‍ക്കാന്‍ തുടങ്ങീട്ട് ,വല്ല്യാപ്പയും വല്ല്യേ മാമയുടെ മകളായ റെഷീദയും ഇനിയും വന്നില്ല്ലാലൊ .ഇന്നു ആദ്യമായിട്ട് സ്ക്കൂളില്‍ പോകുകയാണ്, ഓത്തുപള്ളിയില്‍ ഒപ്പം പടിക്കുന്ന റസിയയും ഷീബയും ഷൈലയും ഒക്കെ അവരുടെ വാപ്പമാരുടെ പോകുന്നതു കണ്ടു.എല്ലാവരും പുതിയ ഉടുപ്പണിഞ്ഞിട്ടുണ്ട്. മൂന്നുപേരുടെയും കൈയില്‍ പുതിയ സ്വര്‍ണ്ണ കളറിലുള്ള പെട്ടി കാണുന്നുണ്ട് ,അതില്‍ പുതിയ സ്ലേറ്റും പെന്‍സിലും ഉണ്ടാകും.എന്റെ കൂടെ സ്കൂളിലെക്കു വരുന്നത് വല്ല്യാപ്പയാണ്. വാപ്പാക്കു ജോലിക്കു പോകണം ലീവില്ല്യാന്ന് .


“കദ്യാ... എവിടെടീ ന്റെ ബെല്‍ട്ട് ..വാപ്പ ജോലിക്കു പോകുന്നതിന്റെ ബഹളമാണ്.ഇനീപ്പോ പോണതു വരെ ഉമ്മാക്ക് നല്ല ചേലായി. ഇത്രയും നേരം പറമ്പില്‍ കിളക്കുകയായിരുന്നു.രണ്ടുദിവസം മുമ്പു താണ്ടമ്മു വന്നു കിളച്ചിട്ടു പോയതാ.മഴ്ക്കാലത്തിനു മുമ്പെ തെങ്ങിനും കവുങ്ങിനും ഒക്കെ തടമിടാറുണ്ടത്രെ .രാവിലെ എണീറ്റുവന്നപ്പോള്‍ കണ്ടതു ഒരു തോര്‍ത്തുമുണ്ടെടുത്തു വാപ്പ കിണറിനടുത്തുള്ള തെങ്ങിന്റെ ചുവട്ടില്‍ നിന്നു കിളക്കുന്നതാണ് ഇതിനിടയില്‍ ഒരു ചിരട്ടയിലേക്കു മണ്ണിരയെ ‍പിടിച്ചിടുന്നുണ്ട്. ജോലി കഴിഞ്ഞു തിരിച്ചു വന്നാല്‍ വാപ്പ ഇന്നു ചൂണ്ടയിടാന്‍ പോകുന്നുണ്ടാകും .ഇന്നലത്തെ മഴ്യില്‍ പുഴയില്‍ നിറയെ മീന്‍ നിറഞിട്ടുണ്ടാകും .രാത്രി പുഴമീന്‍ കൂട്ടി ചോറുണ്ണാ‍മ്ന്ന് ആലൊചിച്ചപ്പൊള്‍ തന്നെ വായില്‍ വെള്ളം വന്നു. പതുക്കെ വാപ്പാടെ അടുത്തേക്ക് ചെന്നു. മണ്ണിര‍കള്‍ ചിരട്ടയില്‍ നിന്നും പുറത്തേക്കു ഇഴയുന്നുണ്ട്. ഒരു ഒരു ഉറ കൊണ്ട് ചിരട്ടയുടെ വായ മൂടുകയായിരുന്ന വാപ്പാനെ പതുക്കെ വിളിച്ചു.

“വാപ്പാ... ഞാനിന്നാദ്യമായിട്ട് സ്കൂളിലെക്ക് പോവല്ലെ ...താത്താടെ കൈയിലുള്ള പോലത്തെ വെള്ളികളറിലുള്ള പെട്ടി വാങ്ങിതരാമെന്നു പറഞ്ഞിട്ട് ...ക്ക് പുതിയ സ്ലേറ്റും വാങ്ങിതന്നില്ലാല്ലോ...“‘“ഉം ...”‘‘പിന്നെ ഇന്നു എന്റെ പിറന്നാളും കൂടിയല്ലേ ക്ക് മിഠായി വാങ്ങാന്‍ കാശുതരാമൊ..കൂട്ടുകാര്‍ക്കു കൊടുക്കാനാ...“പിന്നേം ഒരു മൂളലല്ലാതെ വേറെ മറുപടിയൊന്നും കിട്ടിയില്ലാ.കുറച്ചുനേരം കൂടി അവിടെ ചുറ്റി പറ്റി നിന്നു . പിന്നെ പതുക്കെ ഉമ്മാടെ അടുത്തേക്ക് നട്ന്നു .കിണറിനടുത്തുള്ള ടാങ്കിന്റെ കീഴില്‍ ഇക്കാനെയും താത്താനെയും കുളിപ്പിക്കുകയായിരുന്നു വാവന്നൂര്‍ത്തെ വല്ല്യുമ്മ ,വാപ്പാടെ ഉമ്മയാണു . രണ്ടു വല്ല്യുമ്മമാരുള്ളതു കൊണ്ട് സ്ഥലപ്പേരു വച്ചിട്ടാണു ഞങള്‍ പറയാറ് .വാപ്പാടെ നാടു കൂറ്റനാടുള്ള വാവന്നൂരിലാണ് .ഉമ്മയുടെതു ഇവിടെ കുമരനെല്ലുരിലും അതിനെ ചുരുക്കി കോര്‍ലൂര്‍ ന്ന് പറയും അപ്പൊ ഉമ്മാടെ ഉമ്മ കോര്‍ലൂര്‍ ത്തെ വല്ല്യുമ്മയാണ്.


“ നി‍ക്കുണ്ണീ ഞാന്‍ കുളിപ്പിക്കാം ..വേണ്ട.. ഇന്നെ ഉമ്മ കുളിപ്പിച്ചാല്‍ മതീ..എന്നും പറഞ്ഞ് അവിടെ നിന്നു അടുക്കളയിലെക്കു നടന്നു.“അല്ലെലും അണ്ക്ക്ന്നെ വേണ്ടാ... ഇക്കിവരുണ്ടല്ലോ...”വല്ല്യുമ്മാടെ പരിഭവം ശരിയാണ് . ഇടക്കിടക്കെ വല്ല്യുമ്മ വാവന്നൂര്‍ന്ന് വരാറുള്ളു. ആ ദിവസങ്ങളില്‍ താത്തയും ഇക്കയും വല്ല്യുമ്മാടെ കൂടെയാണ് ഭക്ഷണവും ഉറക്കവും എല്ലാം . എനിക്കുമ്മ തന്നെ വേണം എല്ലാറ്റിനും .അടുക്കള വാതില്‍ക്കല്‍ നിന്നെ ഞാന്‍ വിളി തുടങ്ങി.“ഉമ്മാ.. അടുക്കളയില്‍ ഉമ്മ ഉണ്ടാര്‍ന്നില്ല . അവിടന്ന് ഇടനാഴികയിലൂടെ നടുഅകത്തേക്കു പോയിനോക്കി. അവിടെ അനിയത്തിയെ തൊട്ടി‍ലില്‍ കിടത്തി ആട്ടുകയായിരുന്നു ഉമ്മ . ഫാത്തിമാബീവിയുടെ ഇശലു പതുക്കെ മൂളുന്നുണ്ട്.ഞാന്‍ വന്നതു അറിഞ്ഞിട്ടില്ലാ.


.“ഉമ്മാ...”പതുക്കെ മോളുണരുംന്ന് പറഞ്ഞു ഉമ്മ എന്നെ തറപ്പിച്ചൊന്നു നോക്കി .അല്ലെലും ഇവളു പിറന്നതിനു ശേഷം ഉമ്മക്കെന്നോട് ഇഷ്ടം കുറഞ്ഞിട്ടുണ്ട്.ഉമ്മ മാത്രല്ലാ എല്ലാവരും ഇപ്പൊ എപ്പോഴും അവളെ കൊഞ്ചിപ്പിക്കുന്നു. ന്നെആരും ശ്രദ്ദിക്കുന്നില്ല.കണ്ണിലപ്പോഴേക്കും വെള്ളം നിറഞ്ഞു . ഈ സമയത്തിനി മിഠായിയുടെയും, സ്ലേറ്റിന്റെയും കാര്യം പറഞ്ഞിട്ടുകാര്യമില്ലാന്നു ചിന്തിച്ചു ഉമ്മറത്തുള്ള തിണ്ണയിലെ ‍ ഇരുമ്പിന്റെ തൂണിന്റെ ഇടയിലൂടെ ‍ഒരുകാലു മുറ്റത്തേക്ക് തൂക്കിയിട്ട് ഇരുന്നു .മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ മോളില്‍ ഒരു കാക്കയിരുന്നു കരയുന്നു പതിവു കാക്കയാണു .ഇവിടിരുന്നു ഞാന്‍ അപ്പം കഴിക്കുമ്പോള്‍ സൂത്രത്തില്‍ അപ്പം കൊത്തികൊണ്ട് പറക്കാറുണ്ട് . ചാ‍ഞ്ഞും ചരിഞ്ഞും അവനെന്റെ കൈയിലേക്കു ‍നോക്കുന്നുണ്ട് .പുറം പണിക്ക് വരുന്ന മുണ്ടി മുറ്റമടിച്ച് കൊണ്ട് അപ്പോഴെക്കും അവിടെ എത്തി .മാവിന്റെ ചുവട്ടില്‍ മഴയത്തു വീണ ഇലകളും മാങ്ങണ്ടികളും നിറയെ ഉണ്ട് . ചെറിയ കല്ലുകള്‍ ഇട്ടു തപ്പികുഴി കളിക്കുന്ന കുഴികളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു.ഇക്കാടെ ചിരട്ട കൊണ്ടുള്ള ത് ലാസ്സും പേപ്പറും ഒക്കെ നനഞ്ഞു.


“ മ്പ്രാട്ടികുട്ടി ന്താ ങ്ങനെരിക്കുന്നെ...ന്നാ നല്ല പഴുത്ത മാങ്ങ...എവിടെം ചതവില്ലാ ന്റെ കുട്ടീട്ത്തോളെ..”മുണ്ടി മാങ്ങ തിണ്ണയിലെക്കു വച്ചു.“ഇക്കൊന്നും വേണ്ടാ...പിന്നെ.. ഇവിടെ വിഷമിച്ചിരിക്കുമ്പൊഴാ ഒരു മാങ്ങ. അല്ലെലും മഴ പെയ്താല്‍ മാങ്ങക്ക് ഒരു രുചിയും ഉണ്ടാവില്ല.“ ടീ ...സ്കൂളില്‍ പൊണ്ടെ ... ഇവിടിരുന്നാല്‍ മതിയൊ...പല്ലു തേച്ചൊ...പിറകീന്നു ഉമ്മ വിളിച്ചു.ഇല്ല്യാന്നു കേട്ടപ്പോള്‍ ഉമ്മാക്കു കൂടുതല്‍ ദേഷ്യം വന്നു.“വല്ല്യുമ്മാടെ അടുത്തേക്കു പോകാര്‍ന്നില്ലെ .അവര്‍ ചെയ്തുതരുമായിരുന്നല്ലൊ...ഉമ്മാ.. വല്ല്യുമ്മ വിളിച്ചതാ. ഇവളു ചെന്നില്ല. പാര വക്കാന്‍ താത്തയും ഇക്കയും കൂടി.അവര്‍ക്കു വല്ല്യുമ്മ ചായയും പുട്ടും പഴവും വാരിവായില്‍ വച്ചു കൊടുക്കുകയാണ്.ഹും ഇന്നു പുട്ടും പഴവും ആ‍ണു ചായക്കു ,നിക്കു തീരെ ഇഷ്ടമില്ലാത് ബാക്കിയെല്ലാര്‍ക്കും നല്ല ഇഷ്ടവുമാണ്.

“നിക്കുന്നു പാപ്പു വേണ്ടാ...“ഞാന്‍ പറഞ്ഞു .“നിന്നു ചിണുങ്ങാതെ വാ...ഇങ്ങോട്ട് ... ഉമ്മ പിടിച്ചു വലിച്ചെടുത്തു. വടക്കിനിയില്‍ ഒരറ്റത്തു പാളയില്‍ ഉമിക്കരി നിറച്ചു തൂക്കിയിട്ടിരുന്നു. അതില്‍നിന്നും ഒരു നുള്ളെടുത്തു പല്ലുതേപ്പിക്കാന്‍ തുടങ്ങി.പച്ച ഈര്‍ക്കിളി കൊണ്ട് നാക്കുവടിപ്പിച്ചു. ടാങ്കില്‍ കുളിക്കണമെന്നു ഞാന്‍ വാശിപിടിചിട്ടും അതില്‍ മഴ വെള്ളം വീണിട്ടുണ്ടാകുംന്ന് പറഞ്ഞ് ‍ ഉമ്മ സമ്മതിച്ചില്ല. കിണറ്റിന്‍ കരയിലെക്കു കൊണ്ടുപോയി രാത്രിയിലെ ഒരു മഴക്കു തന്നെ കിണര്‍ നിറഞ്ഞിരിക്കുന്നു. മഞ്ഞ നിറമുള്ള വെള്ളം കോരി തലയിലൊഴിച്ചുതന്നു .നല്ല ഇളം ചൂടുണ്ടാര്‍ന്നു ആ വെള്ളത്തിനു,വേഗത്തില്‍ തോര്‍ത്തിയെടുത്തു അകത്തുകൊണ്ടുപോയി , കൈനാര്‍ പോളയുടെ മണമുള്ള പെട്ടിയില്‍നിന്നും അലക്കി തേച്ചുവച്ചിരുന്ന ചുവന്ന ചങ്ങലപ്പാവാടയും വെള്ള ബനിയനും അണിയിപ്പിച്ചു. കഴിഞ്ഞ തവണത്തെ വരവിനു ദുബായീന്ന് വല്ല്യേ മാമ കൊണ്ടന്നതായിരുന്നു .വല്യെ പെരുന്നാളിനാണ് ആദ്യം ഈ ഉടുപ്പണിഞ്ഞത് .പിന്നെം മൂന്നാലു തവണ ഇട്ടു അലക്കി വച്ചിരുന്നതാണ് .അതിന്റെ സ്വര്‍ണ്ണകളറിലുള്ള ബെല്‍റ്റിനു നിറം മങ്ങിതുടങ്ങി . മുടി ചുവന്ന റിബ്ബണ്‍ കൊണ്ട് റ പോലെ കെട്ടി, കണ്ണെഴുതി തന്നു പൌഡര്‍ ഒക്കെ ഇടീച്ചു തന്നു .

അതു കഴിഞ്ഞ ഉടനെ ഓടി പടിക്കല്‍ കാത്തു നില്‍ക്കാന്‍ തുടങ്ങിയതാണ് .ഇതുവരെ അവരു വന്നില്ലാലൊ. കുറെ കുട്ടികള്‍ സ്കൂളിലെക്കു പോകുന്നുണ്ട് . ഇക്കയും ഇറങ്ങി കഴിഞ്ഞു വടക്കാഞ്ചേരി ബോയ്സില്‍ അഞ്ചിലെത്തിയതിന്റെ സന്തോഷമാണ് മുഖത്ത് .ഇനിയെന്നും ബസ്സില്‍ പോകാമല്ലൊ.കൂട്ടിനു അടുത്തവീട്ടിലെ സാറ അമ്മായിയുടെ മക്കളായ അഷ് റഫ് ഇക്കയും റസാക്ക് ഇക്കയും ഉണ്ട്.മുതിര്‍ന്നക്ലാസ്സുകളിലാണവര്‍ പഠിക്കുന്നത്.താത്താനെ കാത്തു അവിടത്തെ തന്നെ ഷൈലാത്തയും പഠിക്കലേക്കുവന്നു .എന്റൊപ്പമുള്ള ഷെജീറാനെയും കൊണ്ട് സാറാ‍ അമ്മായിയും സ്കൂളിലേക്കു പോയി. മിന്നുന്ന നീല ഉടുപ്പാണ് ഷെജീറ അണിഞ്ഞിരിക്കുന്നതു .ബന്ധത്തിലൊരു മാമയാണ് അവളുടെ വാപ്പ കാദര്‍ മാമ ,ദുബായിലാണ്ജോലി ,വരുമ്പോള്‍ കൊണ്ടുവരുന്നതാണീ ഉടുപ്പെല്ലാം.നല്ല ദുബായ് സ്പ്രേയുടെ മണം വന്നു അവരു നടന്നു പൊയപ്പോള്‍ .വാ‍സു ചേട്ടന്റെവിടത്തെ ലതെച്ചിയും ,പപ്പട ചെട്ട്യാരുടെ മോളു ബിന്ദു ചേച്ചിയും ഷൈലാത്തയുടെ കൂടെ താത്താനെ കാത്തു നിന്നു .ഇത്തിരി നെരം കഴിഞ്ഞപ്പോള്‍ , സത്താറിക്കയെ ,റെഷീദാടെ ഇക്കയാണു ,സൈക്കിളീല്‍ ഇരുത്തി ഉണ്ണിമാമ ഏറ്റവും ഇളയ മാമ, അവിടെക്ക് വന്നു .താത്തയെയും കൂട്ടി അവരെല്ലാരും കൂ‍ടി സ്കൂളിലെക്കു പോയി മൂന്നാം ക്ലാസ്സിലാണവര്‍ പഠിക്കുന്നത് . അതേ സ്കൂളിലേക്കാണു ഞാനും പോകുന്നതു .

“ ടീ... കാന്താരീ... എന്തു പറ്റി... സ്ക്കൂളിലെക്കു പോണതോണ്ടാ ഒരു സന്തോഷമില്ലാത്തെ...മാമ തലയിലൊരു കൊട്ടു തന്നു, മുഖം വീര്‍പ്പിച്ചു നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ലാ.അപ്പോഴെക്കും വാപ്പ പോകാനായി ഇറങ്ങി വന്നു കൂടെ ഉമ്മയും ഉണ്ട് .എന്നെ ഒന്നു നോക്കുകകൂടി ചെയ്യാതെ അവരോടു രണ്ടുപേരോടും മാത്രം യാത്ര പറഞ്ഞിറങ്ങി. എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു.അതുകണ്ട ഉണ്ണിമാ‍മ എന്നെ ഒറ്റ കൈയില്‍ തൂക്കിയെടുത്തു ആട്ടാന്‍ തുടങ്ങി .എനിക്കെറ്റവും ഇഷ്ടമുള്ളതാണത്.കരച്ചില്‍ ഉപേക്ഷിച്ചു ഞാന്‍ ചിരിക്കാന്‍ തുടങ്ങി.

“ഉണ്ണ്യേ... ഇന്നവളുടെ പിറന്നാളാണ് മിഠയി വേണംന്ന് പറഞ്ഞാണ് ...നമ്മളു മുസ്ലീങ്ങളല്ലെ പിറന്നാളൊന്നും ആഘോഷിക്കില്ലാ...”

“അപ്പോ നബിദിനം ആഘൊഷിക്കുന്നതോ.. നബിയുടെ ജന്മദിന്മല്ലെ അന്ന് .ഓത്തുപള്ളീന്ന് പച്ചകൊടിയൊക്കെ പിടിച്ച് വരിയായി എല്ലാവരും പോയിരുന്നതല്ലെ... മാമയല്ലെ ഏറ്റവും മുമ്പിലുണ്ടാര്‍ന്നത്. മിഠായിയും ,പായസവും ഒക്കെ കിട്ടീലോ...“ "ഇവളെ കാന്താരി മാത്രല്ലാ... ചീനമുളകുകൂടിയാണ് കണ്ടില്ലെ നാവ് ..."

“ന്നെ നി കാന്താരീന്നു വിളിച്ചാല്‍ മാമാനെ ഞാന്‍ കണ്ണിമാങ്ങാന്ന് വിളിക്കും,അന്നു പാടത്തു ഞാറ് എണ്ണാന്‍ പറഞ്ഞ് വെല്ല്യാപ്പ പറഞ്ഞ് വിട്ടിട്ട് അവിടന്ന് മുങ്ങി ,‍ ഉമ്മാടെ അടുത്ത് ന്ന് കാശു വാങ്ങി ജയന്റെ സിനിമ കാണാന്‍ പോയകാര്യവും ഞാന്‍ വെല്ല്യാപ്പാടു പറയും...“

“അന്നെ... ന്നു ...ഞാന്‍ ... കാന്താരി... നിക്കടീ, മാമാക്ക് പിടികൊടുക്കാതിരിക്കാന്‍ നെരെ റോട്ടിലെക്കോടി, ദൂരെന്ന് വെല്ല്യാപ്പാടെ കൈ പിടിച്ചു റെഷീദ വരുന്നുണ്ട്. , റെഷീദാടെ കൈയിലെ വെള്ളി കളറിലെ പെട്ടി അകലെന്നെ വെയിലത്തു തിളങ്ങുന്നുമുണ്ട്.പച്ച നിറത്തിലുള്ള പുതിയ ചങ്ങലപ്പാവാടയാണു ഇട്ടിരുന്നതു ,അവളുടെ സ്വന്തം വാപ്പയല്ലെ കൊണ്ടുവരുന്നതു മുന്നൊ നാലൊ ജോടി ഉടുപ്പുഅവള്‍ക്കുണ്ടാകും . രണ്ടു മാമ മാരും വര്‍ഷത്തില്‍ നട്ടില്‍ വരുമ്പൊള്‍ നിക്കു തരുന്നതു ഒരൊ ജോടി ഉടുപ്പാണ് ,അതു രണ്ടു പെരുന്നാളിനും പുതിയതായി ഇടാന്‍ എടുത്തു വക്കും. നിറം മങ്ങിതുടങ്ങിയ ന്റുടുപ്പിലെക്കു ഒന്നു നോക്കി , ന്റെ വാപ്പ മാത്രം എന്താ ദുബായിക്ക് പോവാത്തെ , ഇവിടത്തെ പോലെ ഗവണ്മന്റില്‍ തന്നെ അവിടെയും ജോലി കിട്ടുംന്ന് കഴിഞ്ഞ മാസം നാട്ടില്‍ വന്ന മോഹനെട്ടന്‍ ഉമ്മാടു പറയുന്നുണ്ടാര്‍ന്നു .രണ്ടു മാമ മാരുടെ അടുത്തും വാപ്പ പേപ്പറുകള്‍ കോടുത്തയച്ചിട്ടുണ്ട് .

കുറച്ചു മുമ്പെ വാപ്പ ദുബായിക്കു പോയിരുന്നെങ്കില്‍ ന്റൊപ്പം തന്നെയുള്ള രണ്ടാമത്തെ മാമാടെ മോളു വഹീദാനെ പോലെ ഇഗ്ലീഷ് മീഡിയം പഠിക്കാര്‍ന്നു . ഇന്നലെ തറവാട്ടില്‍ ചെന്നപ്പോള്‍ അവള്‍ അവളുടെ പുതിയ പെട്ടിയും ,അതില്‍ നിറയെ ഇഗ്ലീഷ് പുസ്തകവും , മാമ ദുബായീന്ന് കൊണ്ടന്ന പെന്‍സില്‍ ബൊക്സും ഒക്കെ കാണിച്ചു തന്നു. നിക്കു കൂടുതലിഷ്ടായതു അവളുടെ ചുവപ്പും വെള്ളയും കള്ളികളുള്ള ഷര്‍ട്ടിനു മുകളിലൂടെ ഇടുന്ന കൈയില്ലാത്ത ഉടുപ്പാണ്.റെഷീദ അവളുടെ കൂടെ ഇഗ്ലീഷു മീഡിയം മെദിഅപഠിക്കതിരുന്നതു നന്നായി,നിക്കു കൂട്ടായല്ലൊ.വെല്ല്യാപ്പ ന്റടുത്തു വന്നു

“മോളെ ച്ലേറ്റും പുത്തകും എടുത്തോ... നേരം ശ്ശിആയി”ഉമ്മാടെ കൈയിന്ന് ഇക്കാടെ പഴയ പെട്ടി വാങ്ങി .അതില്‍ നഴ്സറിയില്‍ എഴുതിയിരുന്ന സ്ലേറ്റും പെന്‍സിലും വച്ചിട്ടുണ്ട്.വെല്ല്യാപ്പാടെ ഒരു കൈയില്‍ തൂങ്ങി ഞാനും മറ്റെ കൈ പിടിച്ചു റെഷീദയും സ്ക്കൂളിലെക്കു നടന്നു. പോകുന്ന വഴിക്കു ഒന്നാം കല്ലു സെന്ററില്‍ തന്നെയുള്ള ,താത്തി അമ്മായിയുടെ പെട്ടി കടെന്നു രണ്ടു പെര്‍ക്കും ഓരൊ നാരങ്ങാ മിഠായി വാങ്ങിതന്നു. വെല്യാപ്പ സോഡ കുടിക്കാന്‍ കയറിയതായിരുന്നു കടയുടെ അടുത്തു തന്നെയുള്ള ബസ്റ്റൊപ്പില്‍ കണ്ണു കാണാത്ത നാരായണന്‍ കുമ്പാരന്‍ ,ഒരു ഞെളുങിയ അലുമിനിയ പാത്രവും മറ്റെ കൈയില്‍ വടിയും പിടിച്ചു നില്‍ക്കുന്നു. ഓരോ ബസ്സു വരുമ്പോഴും “നാരായണാ ... ധര്‍മ്മം തരണെ നാരായണ... ന്നു പറഞ്ഞു പാത്രം കുലുക്കുന്നുണ്ട് .നാണയ തുട്ടുകള്‍ കിലുങ്ങുന്ന ശബ്ദവും ബസ്സിന്റെ ഹോണടിയും ആകെ ബഹളമയം .ബസ്സു പോയപ്പോള്‍‍ നിലത്തു വീണ നാണയതുട്ടുകള്‍ അവിടെ നിന്നിരുന്ന രണ്ട് ആളുകള്‍ പെറുക്കിയെടുത്തു പാത്രത്തിലിട്ടു കൊടുത്തു,

“പോം ,പോം ... ശബ്ദമുണ്ടാക്കി പല കളറിലുള്ള ഐസു വിക്കണ മെയ്തുണ്ണിക്ക ഞങ്ങളുടെ അടുത്തു വന്നു നിന്നു . ഐസു പെട്ടിയിലെക്കു ഞങ്ങള്‍ രണ്ടുപേരും കൊതിയോടെ നോക്കി.വെല്ല്യാപ്പ ,അതു തീരെ ശ്രദ്ദിക്കാത്ത ഭാവത്തില്‍ നടന്നു പിന്നാലെ ഞങളും. ടാറിട്ട റോഡില്‍ നിന്നും ഞങ്ങള്‍ രണ്ടു വശങ്ങളിലും വയലുകള്‍ നിറഞ്ഞ വലിയ വരമ്പിലൂടെ യാത്ര തുടര്‍ന്നു . മഴ നനഞ് വരമ്പെല്ലാം വഴുക്കുന്നുണ്ട് . ചിലയിടങളില്‍ വരമ്പിനു മേലെ വള്ളം ഒഴുകുന്നു , അതിലൂടെ നടന്നു മതിയായിരുന്നില്ല. വേഗം നടക്കാനയി വെല്യാപ്പ തിരക്കു കൂട്ടിയതു കൊണ്ട് ഞങള്‍ തെല്ലൊരു വിഷമത്തോടെ നടക്കുകയായിരുന്നു വരമ്പ് അവസാനിച്ചതു ഒരുപുഴയുടെ അരികിലായിരുന്നു.പുഴ നിറയെ മഞ്ഞ നിറത്തിലുള്ള വെള്ളം ആണ് . പുഴയുടെ നടുക്കൊരു പാലം ഉണ്ട് .കവുങ്ങിന്റെ തടി കൊണ്ടുണ്ടാക്കിയ പാലത്തിലൂടെ ,വെല്ല്യാപ്പാടെ കൈയും പിടിച്ചു പേടിച്ചാണു നടന്നതു .പുഴക്ക്പ്പുറത്തിനു അകമ്പാടം ന്നാണു പറയുന്നതു ,പിന്നെയും വളഞും തിരിഞും ഇടവഴികളിലൂടെ കുറച്ചു ദൂരം കൂടി നടന്നെത്തിയതു ഒരു കയറ്റത്തിനു താഴെയാണ് . ചുവന്ന മണ്ണിന്റെ നിറത്തിലുള്ള ആ കയറ്റത്തിന്റെ അരികിലൂടെ മഴ വെള്ളം ഒഴുകുന്നുണ്ട് .വഴുക്കാതെ നടക്കണമെന്നു വല്യാപ്പ പറഞ്ഞതുകേട്ട ഞങ്ങള്‍ കൈ കോര്‍ത്തുപിടിച്ചു കയറ്റം കയറി . ഇടതുവശത്തായി സ്കൂളിന്റെ മതില്‍ കണ്ടു തുടങ്ങി , ഗേറ്റിലെഴുതിയ സ്കുളിന്റെ പേരില്‍ ‘അ ‘യും ‘എ‘യും മാത്രം വായിക്കാന്‍ കഴിഞ്ഞു . അത്രയെ നഴ്സറീല് പഠിച്ചുള്ളൂ..

നിറയെ ആളുകള്‍ ഉണ്ട് . ചിലകുട്ടിള്‍ കരയുന്നു. അതു കണ്ട് ഞാനും റെഷീദയും ചിരിക്കാന്‍ തുടങ്ങി . വല്ല്യാപ്പടെ കൈ പിടിച്ചു നീളന്‍ വരാന്തയിലേക്കു കയറി ,നടുക്കിലായി ഒരു വലിയ മുറി കണ്ടു അതില്‍ രണ്ടു വശത്തും ബഞ്ചുകളില്‍ കുറെ കുട്ടികളിരിക്കുന്നു പരിചയമുള്ള കൂട്ടുകാരും അല്ലാത്തവരും ഉണ്ട് ആ കൂട്ടത്തില്‍‍ .ഒരു കസേരയില്‍ തടിച്ച ഒരു ടീച്ചര്‍ ഇരിക്കുന്നു . മുമ്പിലൊരു ഡസ്ക്കും ഉണ്ട് അതിനടുത്തുള്ള കസേരയില്‍ വെല്ല്യാപ്പാട് ഇരിക്കാ‍ന്‍ പറഞ്ഞു . അവര്‍ തന്നെ ഒരു പേപ്പറില്‍ വെല്യാപ്പ പറഞ്ഞ കാര്യങ്ങ്അള്‍ എഴുതിയെടുത്തു വെല്യാപ്പാടെ കൈ മഷിയില്‍ മുക്കി ആ പേപ്പറില്‍ പതിപ്പിച്ചു . നാലാമത്തെ വരിയിലുള്ള ബഞ്ചില്‍ ഞങ്ങളെ ഇരുത്തി വെല്യാപ്പ പുറത്തെക്കു പോയി .ടീച്ചര്‍ എല്ലവരുടെയും പേരു വിളിച്ചു നഴ്സറിയില്‍ പഠിച്ച ഗാനങ്ങളും കഥകളും പാടിച്ചും പറയിപ്പിച്ചും ഇരിക്കുന്നതിനിടയില്‍ “ണീം ണീം ണിം... മണിയടിക്കുന്ന ശബ്ദമാണ് .ടീച്ചറ് ക്ലാസ്സില്‍ നിന്നുംപോയി ശബ്ദമുണ്ടാക്കി കുട്ടികള്‍ എല്ലാവരും ഇരുന്നിടത്തു നിന്നും എണീറ്റു ഷീബയും, റംലയും, റെസിയയും അടുത്തേക്കു വന്നു. ഓത്തുപള്ളിയില്‍ ഒപ്പം പഠിക്കുന്ന ഷാനവാസും, ഷാജിയും,സുബൈറും മറ്റു ആണ്‍കുട്ടികളോടൊപ്പം പുറത്തെക്കു പോകുന്നു . ആ സമയത് താത്ത കുട്ടുകാ‍രികളെയും കൂട്ടി ന്റെടുത്തെക്കുവന്നു താത്താടെ കൈയില്‍ നിക്കും റെഷീദക്കും ഉള്ള ചോറുണ്ടാര്‍ന്നു ,താഴെ നിലത്തിരുന്നു എല്ലാവരും കൂടി ചൊറു കഴിച്ഛു . സ്കൂളിലുള്ള കിണറില്‍ നിന്നും ചേച്ചിമാര്‍ വെള്ളം കോരി തന്നു കൈയും വായയും കഴുകിച്ചു തന്നു . താത്താടെ കൂട്ടുകാരികള്‍ ഇതൊക്കെ ചെയ്തുതരാന്‍ മത്സരിക്കുകയാണ് . വൈകുന്നെരം സ്കുള്‍ വിട്ട് തിരിച്ചു പോകുമ്പൊഴും കൈ പിടിച്ചു നടത്തിയിരുന്നതും അവര്‍ തന്നെ . ഇതിനിടയില്‍ പിറന്നാളിന്റെയും മിഠായിയുടെയും കാര്യം ഞാന്‍ മറന്നിരുന്നു.
വീട്ടിലെത്തിയപ്പോള്‍ കണ്ടത് കോലായ്യിലിരുന്ന് രണ്ടു വല്ല്യുമ്മ മാരും അടക്ക കുത്തി വെറ്റില മുറുക്കുന്നു.അവരുടെ കൂടെ പഴയ കഥകള്‍ കേള്‍ക്കാന്‍ വേഗം ഉടുപ്പ് മാറ്റി വന്നിരുന്നു . സത്താറിക്കയുടെ കൂടെ റെഷീദയും ന്റെ വീട്ടില്‍തന്നെ തങ്ങി. ഉമ്മ എല്ലാവര്‍ക്കും ചായയും ,ഒപ്പം ചീനചട്ടിയില്‍ എണ്ണ ഒഴിച്ചു അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഒരപ്പം മുറിച്ചു കഷ്ണങ്ങളാക്കി തന്നു . നേരമിരുട്ടിതുടങ്ങിയപ്പോള്‍ വല്ല്യുമ്മയും ,റെഷീദയും ,സത്താറിക്കയും പോയി കൂടെ പടി വരെ ഞാനു ചെന്നു .അവരു പോയിട്ടും അവിടെ തന്നെ കുറച്ചു നേരം കൂടി നിന്നു വിടെ നിന്നാല്‍ വാപ്പ ബസ്സിറങ്ങുന്നതു കാണാം .ഇരുട്ടു കൂടി കണ്ണുകാണാന്‍ പറ്റാതായപ്പോള്‍ ഉമ്മാടെ വഴക്കു കേട്ട് അകത്തേക്കു കയറി , താത്തയും ഇക്കയും ഓത്തുപള്ളിയില്‍ പഠിപ്പിച്ചതു ഉറക്കെ ചെല്ലുന്നുണ്ട്. ഉമ്മയു ടെ നിര്‍ബന്ധം കാരണം ഞാനും ന്റെ 'അലിഫ് ബുക്കെടുത്തു വായിക്കാന്‍ തുടങ്ങി .

“കദ്യാ ... “ വാപ്പാടെ ശബ്ദം കേല്‍ക്കുന്നുണ്ട്.
വാപ്പ എന്നും പടിക്കലെന്നെ ഉമ്മാനെ വിളിച്ചു കൊണ്ടാണു വരുന്നത് . ബുക്കവിടെ ഇട്ടു ഞാന്‍ കോലായിലെക്കോടി . ഉമ്മറപ്പടി കയറി വരുന്ന വാപ്പയുടെ കൈയിലെക്കായിരുന്നു എന്റെ നോട്ടം വലിയ ഒരു പൊതി ഉണ്ട് .

“ ങ്ങട്ടു വാ.. ഇന്നു ഒന്നാം തിയതിയല്ലെ ന്നല്ലെ വാപ്പാക്ക് ശമ്പളം കിട്ടാ...വാപ്പാടെ കൈയില്‍ ന്നലെയൊന്നും കായിണ്ടാര്‍ന്നില്ലാ... “ന്നും പറഞ്ഞ് ആ പൊതി പോളിച്ചു.ഞാന്‍ പറഞ്ഞതു പോലത്തെ പെട്ടിയും ഒരു കവറില്‍ നിക്കെറ്റവും ഇഷ്ടമുള്ള പച്ച പാരിസ് മിഠായിയും ,പുതിയ എണ്ണം പഠിക്കാനൊക്കെ പറ്റുന്ന മണികളൊടുകൂടിയ ചുവന്ന അരികുള്ള സ്ലേറ്റും പിന്നെ പച്ചകളറിലുള്ള ഉടുപ്പും ണ്ടാര്‍ന്നു അതില്‍ . സന്തോഷം കൊണ്ട് തുള്ളി ച്ചാടുന്ന ന്നെ ഒരു അസൂയയോടെ താത്തയും ഇക്കയും നോക്കി നില്‍ക്കുന്നുണ്ട്. ഉമ്മയുടെയും വാപ്പയുടെയും മുഖം നിറയെ ചിരിയാണ്.

“ഏയ് ഉമ്മാ... വൈ ആര്‍ യു ലോഫിങ്... പപ്പാ... ലുക്ക് ഉമ്മാ ലോഫിങ് എലോണ്‍...”

കണ്ടോ... ന്റെ പുതിയ പെട്ടിയും സ്ലേറ്റും ... ഉടുപ്പും മിഠായിയും ഉണ്ട്...

കണ്ണു തുറന്നപ്പോള്‍ കണ്ടതു പൊട്ടിചിരിക്കുന്ന ഇക്കയും മോനും . ഏഷ്യാനെറ്റിലെ വാര്‍ത്തയില്‍ പുതിയ അധ്യയന വര്‍ഷത്തിലെക്ക് പോകുന്ന കുട്ടികളെ കണ്ട് അറിയാതെ ഒന്നു മയങ്ങി പോയതാ...